ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ നഴ്സിംഗ് വിദ്യാർഥിനിയെ അജ്ഞാതർ രാസവസ്തു ഉപയോഗിച്ച് ആക്രമിച്ചു. കാസിപേട്ട് മണ്ഡൽ പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ ഇടതുകാലിനും അരക്കെട്ടിലും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടി ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഹനംകൊണ്ടയിലെ കോളജിൽനിന്നു മുത്തശിയെ കാണാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച മൂന്ന് പേർ കുട്ടിയെ തടഞ്ഞ് നിർത്തിയതിനു ശേഷം വിഷാംശം കലർന്ന ദ്രാവകം എറിയുകയും കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ അജ്ഞാതരായ അക്രമികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. വ്യക്തിവൈരാഗ്യമാകാമെന്നാണ് സൂചന.